Monday, October 20, 2008

അമ്മ

അറിവിന്റെ നിറവിലിന്നാദ്യമായ്ഞാന്‍..
അമ്മയെന്നറിയാതെ വിളിച്ചിടുമ്പോള്‍...
അമ്മയായ് പുണ്യമായ് ഭൂമിതന്‍ സ്വന്തമായ്..
ഉണ്മയായ് നീയെന്നെ ത്തിരിച്ചറിഞ്ഞു!

ഓരോനിറവിലുംകണ്ടുഞാന്‍ പുണ്യമേ,
ഓരോകനവിലും കണ്ടു നിന്നെ!
പുണ്യ ഫലോദയം പുഞ്ചിരിതൂകുമ്പോള്‍
എന്നിലെ ഉണ്മയെ ഞാന്‍ തെരഞ്ഞു..

ഏതേതു ജന്മത്തില്‍ ആരായിരുന്നുഞാന്‍?
എന്നോടു ചൊല്ലുമോനീ,പ്രകൃതീ..
ഏതുജന്മത്തിലുള്ളേതൊരമ്മയെ ഞാന്‍
അമ്മയെന്നിന്നു വിളിച്ചിടേണ്ടു..?

ഏതു ജന്മത്തിലെക്കടങ്ങളിന്നും
വീട്ടാക്കടങ്ങളായെന്നെ പിന്തുടര്‍ന്നൂ.
ഇനിയുമെത്രജന്മം ജനിക്കണം?
ഇനിയും മരണത്തെ പ്പുല്‍കണോ,ഞാന്‍?

എത്രകാലം ഞാന്‍ കാത്തിരുന്നീടണം?
എന്‍ ജീവന്‍ പുണ്യത്തിലമര്‍ന്നിടാനായ്!


ശ്രീദേവിനായര്‍.

Thursday, October 16, 2008

ഹരിചന്ദനം

അറിയാതെ അളകങ്ങളൊളിച്ചുവച്ചു,
നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം...

അനുരാഗമെന്നില്‍ കളഭമായീ,
എന്റെ അകതാരില്‍ദിവ്യാഭരണമായീ...

ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,
ചപലയായീ,രാധ നോക്കിനിന്നു...

കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,
രാധതന്നുയിരില്‍ കദനം നിറഞ്ഞു...

യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,
യാത്രപോലും രാധ അറിഞ്ഞതില്ല...

കണ്‍പീലിതുറക്കാതിരുന്നുപിന്നെ,
കാലമാം തോഴനെയാത്മാവിലാക്കി...



ശ്രീദേവിനായര്‍.