Thursday, February 18, 2010

മുഖം




എവിടെയോകണ്ടുമറന്നമുഖങ്ങളില്‍,
അറിയാതൊരഗ്നിപടര്‍ന്നുപോയീ.
ജ്വാലതന്‍ തീരെഞാന്‍ കാത്തുനിന്നു
ഒരുപിടിഭസ്മത്തിന്‍പൊരുളറിയാന്‍!


ജീവിതന്തുക്കളാത്മാവുമായ് ച്ചേര്‍ന്നു,
ആരുമറിയാതെകാത്തുനിന്നൂ,
അരുതാത്തചിന്തതന്‍ചാരത്തുകണ്ടു
അരുമയാംനിന്നുടല്‍ പക്ഷിയെ ഞാന്‍..


അലതല്ലും ചിന്തകള്‍എന്‍ജീവസാഗരം,
അലയാഴിതാണ്ടുന്ന ദുഃഖങ്ങളും..
തിരയില്ലാക്കടലില്‍ഞാന്‍മുത്തിനെത്തേടുന്നു
തിരതല്ലും ഓളത്തില്‍ ഓര്‍മ്മയെയും!



ശ്രീദേവിനായര്‍

Wednesday, December 24, 2008

ശ്രീയേശു

കുരിശില്‍തറച്ചൊരു പുണ്യരൂപം....നീ
ക്രൂശിതനായൊരു ദിവ്യരൂപം...
ക്രൂരനാം മര്‍ത്യന്റ് നീചമാം ഭാവങ്ങള്‍..
മാറ്റിയെടുത്തൊരു ദേവരൂപം...


ദൈവപുത്രന്‍,നീസ്നേഹപുത്രന്‍.....
ആത്മപുത്രന്‍ നീയേശുനാഥന്‍...
കൈതൊഴുന്നേന്‍ നിന്നെയേശുനാഥാ...
കാല് വരിക്കുന്നിലെ പുണ്യനാഥാ...

ദുഃഖിക്കും പുത്രരാം മര്‍ത്യര്‍ക്കായീ..
ദുഃഖാര്‍ത്തനായി,നീ മരുവിടുമ്പോള്‍..
ദുഃഖങ്ങള്‍ക്കറുതിവരുത്തീടാനായ്...
ദുഃഖിച്ചു നീ,ശ്രീയേശുനാഥാ...

ആര്‍ത്തരാം ഞങ്ങളെകാക്കുവാനായ്...
പാപിയാം ഞങ്ങള്‍ക്ക് പുണ്യമേകാന്‍...
ദൈവപുത്രനായ് നീജനിച്ചൂ..
കാലിത്തൊഴിത്തിലൊരുണ്ണിയായീ....

Tuesday, December 23, 2008

കാഴ്ച

പുകയുന്നുനെരിപ്പോടുനെഞ്ചിനുള്ളില്‍..
പുകമറനിറയുന്നുമനസ്സിനുള്ളില്‍...
പുലരിയെ കാക്കുന്ന തമസ്സിനെപ്പോല്‍...
കണ്‍ തുറക്കാനായിശ്രമിച്ചിടുന്നു.....

കരയുവാനാകാത്ത കണ്ണിണകള്‍..
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്..
കണ്‍ തുറന്നാല്‍ വീണുടയും..
കണ്ണീര്‍ത്തുള്ളികള്‍ എന്നാത്മാവുപോല്‍...

കാഴ്ചയിലെന്നുംനിഴലുകളായ്..
കണ്ണീരിലൂടെ ഞാനറിവൂ..
അകലുന്ന ബന്ധങ്ങള്‍നൊമ്പരങ്ങള്‍...
അറിയാത്ത ബന്ധത്തിന്‍ കാമനകള്‍...

Wednesday, December 10, 2008

സ്വപ്നം

പ്രഭാതരശ്മികള്‍ കണ്‍തുറന്നെന്നെ
കാണിക്കവയ്ച്ചിന്നുപുഞ്ചിരിച്ചു..
കാലത്തിന്‍ ചിലമ്പൊലിമെല്ലെവന്നെന്റെ
കാതില്‍ മന്ത്രിച്ചു വാമൊഴിയായ്..

പാതിമയക്കത്തില്‍ പാടിയപൈങ്കിളി
പാട്ടില്‍ നിറച്ചിന്നു നൊമ്പരങ്ങള്‍...
ഒരുപുലര്‍ക്കാലത്തെന്നലായെന്നില്‍
ചിറകുവിടര്‍ത്തീവേദനകള്‍.....

ഒരുനഷ്ട സ്വപ്നമായ്പൂങ്കുയില്‍കുഞ്ഞിതാ
മൂളാന്‍ തുടങ്ങുന്നുതന്‍ സ്വനങ്ങള്‍....
കൂട്ടിലെ കാക്കച്ചിയമ്മയറിയാതെ
മോഹങ്ങള്‍വെടിയാനൊരുങ്ങീടുന്നു...

Tuesday, December 9, 2008

ഒരു നാടോടിഗാനം

കാട്ടുപൊത്തിലെകല്ലുവെട്ടാങ്കുഴി...
കാണാതെകാല്‍ചവിട്ടിനിന്നൂ...
കാട്ടുമൈനയെക്കൂട്ടിലടച്ചവന്‍...
കാട്ടുചെമ്പക തൈച്ചുവട്ടില്‍....

കാടാറുമാസം..നാടാറുമാസം...
കല്‍ക്കണ്ടത്തേങ്കനി പാത്തുവച്ചു...
പാടിത്തളര്‍ന്നവന്‍..ആടിത്തിമിര്‍ത്തവന്‍...
പഞ്ഞമാസവും..നോമ്പുനോറ്റു...

നാടാറുമാസംകഴിഞ്ഞുചെന്നപ്പം..
കരിക്കാടിക്കഞ്ഞിപകര്‍ന്നുവച്ചു..
ആറ്റിക്കുടിച്ചവന്‍...ഊതിക്കുടിച്ചവന്‍...
കര്‍ക്കിടകത്തിലും നോമ്പുനോറ്റു......

കണിക്കൊന്ന നട്ടവന്‍...കാട്ടിലെത്തേവരെ...
കന്നിമലഞ്ചോട്ടില്‍ കാത്തിരുന്നു...
കാട്ടിലെത്തട്ടിലെത്തളിരിലവെറ്റില...
നാലുങ്കൂട്ടിമുറുക്കിത്തുപ്പി....

വാസനപ്പാക്കുചവച്ചവന്‍പിന്നീട്...
വാസന്തിപ്പൂമാല കോര്‍ത്തെടുത്തു...
കാത്തിരിക്കുംകന്നിപ്പെണ്ണിന്...
മുക്കുറ്റിമൂക്കുത്തിഒരുക്കിവച്ചു...

ഒട്ടല്ല നിന്നതും..ചെല്ലം നിറച്ചതും...
കാണിക്കയാക്കി..കാളിമൂപ്പന്‍...
കണക്കുകുറിച്ചവന്‍..കാലംനോക്കി...
കാട്ടിലെ പെണ്ണിനിന്ന്.കല്യാണം..

Monday, October 20, 2008

അമ്മ

അറിവിന്റെ നിറവിലിന്നാദ്യമായ്ഞാന്‍..
അമ്മയെന്നറിയാതെ വിളിച്ചിടുമ്പോള്‍...
അമ്മയായ് പുണ്യമായ് ഭൂമിതന്‍ സ്വന്തമായ്..
ഉണ്മയായ് നീയെന്നെ ത്തിരിച്ചറിഞ്ഞു!

ഓരോനിറവിലുംകണ്ടുഞാന്‍ പുണ്യമേ,
ഓരോകനവിലും കണ്ടു നിന്നെ!
പുണ്യ ഫലോദയം പുഞ്ചിരിതൂകുമ്പോള്‍
എന്നിലെ ഉണ്മയെ ഞാന്‍ തെരഞ്ഞു..

ഏതേതു ജന്മത്തില്‍ ആരായിരുന്നുഞാന്‍?
എന്നോടു ചൊല്ലുമോനീ,പ്രകൃതീ..
ഏതുജന്മത്തിലുള്ളേതൊരമ്മയെ ഞാന്‍
അമ്മയെന്നിന്നു വിളിച്ചിടേണ്ടു..?

ഏതു ജന്മത്തിലെക്കടങ്ങളിന്നും
വീട്ടാക്കടങ്ങളായെന്നെ പിന്തുടര്‍ന്നൂ.
ഇനിയുമെത്രജന്മം ജനിക്കണം?
ഇനിയും മരണത്തെ പ്പുല്‍കണോ,ഞാന്‍?

എത്രകാലം ഞാന്‍ കാത്തിരുന്നീടണം?
എന്‍ ജീവന്‍ പുണ്യത്തിലമര്‍ന്നിടാനായ്!


ശ്രീദേവിനായര്‍.

Thursday, October 16, 2008

ഹരിചന്ദനം

അറിയാതെ അളകങ്ങളൊളിച്ചുവച്ചു,
നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം...

അനുരാഗമെന്നില്‍ കളഭമായീ,
എന്റെ അകതാരില്‍ദിവ്യാഭരണമായീ...

ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,
ചപലയായീ,രാധ നോക്കിനിന്നു...

കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,
രാധതന്നുയിരില്‍ കദനം നിറഞ്ഞു...

യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,
യാത്രപോലും രാധ അറിഞ്ഞതില്ല...

കണ്‍പീലിതുറക്കാതിരുന്നുപിന്നെ,
കാലമാം തോഴനെയാത്മാവിലാക്കി...



ശ്രീദേവിനായര്‍.